ന്യൂഡൽഹി: പാർട്ടി തീരുമാനങ്ങളിൽ പരാതിയും പരിഭവവും ഉണ്ടെങ്കിലും അണികൾ മാറിച്ചിന്തിക്കരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പ്രവർത്തകർ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിക്ക് തന്നെ വോട്ട് ചെയ്യണം. പാർട്ടി തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ ഉന്നയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നടത്തിയ പ്രസ്താവനകളെ പിന്തുണച്ചുകൊണ്ടായിരുന്നു എം.എ. ബേബിയുടെ പ്രതികരണം. കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കൾ വിശദീകരിച്ചതുപോലെ പാർട്ടിക്കൊപ്പം നിൽക്കുക എന്ന ഉത്തരവാദിത്വത്തിൽ ഏതുസാഹചര്യത്തിലും വ്യതിചലിക്കാൻ പാടില്ല.
അങ്ങനെ തെറ്റായ നിലപാടിലേക്ക് പോകാൻ കാരണമായ പരാതിയുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. തെറ്റുകൾ ഏറ്റുപറയാനും തിരിച്ചറിയാനും കഴിയുന്ന പാർട്ടിയാണ് സിപിഎം. പാർട്ടിക്കെതിരായി അണികൾ വോട്ട് ചെയ്യുന്നത് സിപിഎം ഭരണഘടനയുടെ ലംഘനമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധി പേർ എതിർ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തു. ഇത് ശരിയായ നടപടിയാണോയെന്ന് ആലോചിക്കണം. കോഴിക്കോട് നടക്കുന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒമ്പത് പിബി അംഗങ്ങൾ പങ്കെടുക്കും.
പാർട്ടി നേതൃത്വത്തെ വിമർശിക്കാനോ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനോ അല്ല ചർച്ചകൾ കേൾക്കാനും വിലയിരുത്താനുമാണ് പിബി നേതാക്കൾ എത്തുന്നത്. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നടത്തുന്നത് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടിട്ടല്ലെന്നും എം.എ.ബേബി പറഞ്ഞു.